ആര്‍.ജെ സൂരജിനെതിരെ നടപടിയുമായി റേഡിയോ മലയാളം 98.6; നടപടി മലപ്പുറത്ത് ഫ്ളാഷ്മോബ് അവതരിപ്പിച്ച പെണ്‍കുട്ടികളെ പ്രശംസിച്ച വീഡിയോ വിവാദമായതിനെ തുടര്‍ന്ന്

ദോഹ: ഫേസ്ബുക്ക് വീഡിയോയിലൂടെ സുപരിചിതനായ ആര്‍.ജെ സൂരജിനെതിരെ നടപടിയുമായി റേഡിയോ മലയാളം 98.6 ന്റെ മാനേജ്മെന്റ്. മലപ്പുറത്ത് മുസ് ലീം പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്ന വീഡിയോ വിവാദമായതിനെ തുടര്‍ന്നാണ് മാനേജ്മെന്റെ നടപടി. ഇസ് ലാം മതത്തെ അവഹേളിച്ചു എന്ന രീതിയിലാണ് വീഡിയോ വിവാദത്തിലായത്.
കഴിഞ്ഞ ദിവസം എയ്ഡ്സ് ബോധവല്‍കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ഇവരെ വിമര്‍ശിച്ചുകൊണ്ടാണ് സൂരജ് ലൈവ് വീഡിയോയില്‍ വന്നത്. എന്നാല്‍ അതിപ്പോള്‍ സൂരജിന്റെ ജോലിയെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്.
ഇമേജ് എന്ന് പറയുന്നത് തോട്ടിന്‍ കരയില്‍ വിരിയുന്ന ഒരു റോസാപ്പൂവ് പോലെയാണ്. എപ്പോള്‍ വേണമെങ്കിലും അത് തോട്ടിലേക്ക് വീഴാം. അത്രയേ അതിന് ആയുസ്സുള്ളൂ. അത് അനുഭവം കൊണ്ട് തനിക്ക് ബോധ്യപ്പെട്ടു എന്ന് പറഞ്ഞാണ് സൂരജ് തന്റെ പുതിയ വീഡിയോ തുടങ്ങുന്നത്. സപ്പോര്‍ട്ട് സൂരജ് എന്ന് പറഞ്ഞിരുന്നവര്‍ എല്ലാം ഇപ്പോള്‍ ഐ ഹേറ്റ് സൂരജ് എന്നാണ് പറയുന്നത്. കൂടാതെ ദോഹയില്‍ വെച്ച് കത്തിക്കും കൊല്ലും തല്ലും എന്ന തരത്തിലുളള ഭീഷണികളും ഉയരുന്നുണ്ടെന്നും സൂരജ് വീഡിയോയിലൂടെ പറയുന്നു.

സൂരജിന്റെ വിവാദത്തിലായ വീഡിയോക്കെതിരായി സൂരജിനെ മാത്രമല്ല അദ്ദേഹം ജോലി ചെയ്യുന്ന റേഡിയോ മലയാളം 98.6 നെതിരെയും മതമൗലിക വാദികള്‍ രംഗത്ത വന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദോഹ ജംഗ്ഷന്‍ എന്ന പരിപാടിയാണ് സൂരജ് അവതരിപ്പിക്കുന്നത്. അതില്‍ നിന്നും താന്‍ വിട്ടു നില്‍ക്കുന്നതായും മാനേജ്മെന്റ് തീരുമാനിക്കും വിധമാകും കാര്യങ്ങള്‍ എന്നും അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. ഇനി അവിടെ തിരിച്ച് റേഡിയാ ജോക്കി ആയി വരാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
തെറ്റിദ്ദരിക്കപ്പെട്ടാണ് താന്‍ വിമര്‍ശനത്തില്‍ ഒരു ഭാഗത്ത് പ്രഭാഷണ ശൈലി ഉപയോഗിച്ചതെന്നും അതില്‍ ആരുടെയെങ്കിലും വികാരം വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നതായും സൂരജ് അറിയിച്ചു. കൂടാതെ താന്‍ സംഘപരിവാര്‍ അനുഭാവിയല്ലെന്നും കമ്മ്യൂണിസ്റ്റ് അനുഭാവി ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിഷയം ഇപ്പോള്‍ വര്‍ഗീയ ചേരി തിരിവിലേക്ക് ചിലര്‍ ബോധപൂര്‍വ്വം കൊണ്ടെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അതിനെ ഒരു കാരണ വശാലും അംഗീകരിക്കുകയില്ലെന്നും സൂരജ് വീഡിയോയില്‍ പറയുന്നു.
തനിക്കെതിരെ പറയുന്നവര്‍ റേഡിയോക്കെതിരെ അക്രമം നടത്തെരുതെന്നും അവിടെ നിരവധി ചെറുപ്പക്കാര്‍ പ്രതീക്ഷകളോടെ ജോലി ചെയ്യുന്നുണ്ടെന്നും തന്റെ ഭാഗത്തു നിന്നുണ്ടായ പ്രവര്‍ത്തനത്തെ അറിവില്ലായ്മയായി കാണണമെന്നും അദ്ദേഹം പറയുന്നു. നിങ്ങളായി തന്ന സപ്പോര്‍ട്ട് നിങ്ങളായി തന്നെ തിരിച്ചെടുക്കുന്നു. ഇനി ഇത്തരത്തിലുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയില്ലെന്നും സൂരജ് വീഡിയോയിലൂടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *