അറുപത് പേരുടെ ജീവന്‍ രക്ഷിച്ച് ജപ്പാന്‍ കപ്പല്‍, ബിഗ് സല്യൂട്ട് നല്‍കി കേരള ജനത

പൂന്തുറ : മരണത്തെ മുഖാമുഖം കണ്ട 60 മത്സ്യതൊഴിലാളികള്‍ക്ക് പുതുജീവിതം നല്‍കിയ ജപ്പാന്‍ കപ്പലിന് കേരളത്തിന്റെ ബിഗ് സല്യൂട്ട്.

ആഞ്ഞടിച്ച കാറ്റിലും, കനത്ത മഴയിലും ആര്‍ത്തിരമ്പിയ തിരമാലയിലും പെട്ട് മരണത്തെ മുന്നില്‍ കണ്ടവര്‍ക്കാണ് അതുവഴി വന്ന ജപ്പാന്‍ ചരക്ക് കപ്പല്‍ രക്ഷയായത്.

വിവരം കപ്പല്‍ അധികൃതര്‍ അപ്പോള്‍ തന്നെ ജപ്പാന്‍ അധികൃതര്‍ക്ക് കൈമാറുകയും തുടര്‍ന്ന് ഇന്ത്യന്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ വിവരം അറിയിച്ചതോടെയാണ് ആശ്വാസ വാര്‍ത്ത തീരത്തെത്തിയത്.

അപകടത്തില്‍പ്പെട്ടവരുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡുമായി ബന്ധപ്പെട്ട് ഇവരെ കരയിലെത്തിക്കാനുള്ള ക്രമീകരണം നടന്നുവരികയാണ്.

ഇന്ത്യയുടെ അടുത്ത സുഹൃത്തായ ജപ്പാന്റെ കപ്പല്‍ തൊഴിലാളി ജീവനക്കാരുടെ നല്ല മനസ്സിന് നന്ദി പറയുകയാണിപ്പോള്‍ രാജ്യം.

ഇനി 40 ഓളം പേരെ മാത്രമേ രക്ഷപെടുത്താന്‍ ബാക്കിയുള്ളൂ എന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചത്.

ബാക്കിയുള്ളവരെയെല്ലാം കപ്പലിലെത്തിക്കാനോ വിമാനത്തിലേക്ക് എത്തിക്കാനോ കഴിഞ്ഞിട്ടുണ്ടത്രേ.

തിരുവനന്തപുരത്ത് നിന്ന് ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 218 പേരെയാണ് രക്ഷപെടുത്തിയത്.

രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. പൂന്തുറ സ്വദേശി ക്രിസ്റ്റിയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ സംസ്ഥാനത്ത് മരണം ഏഴായി.

Leave a Reply

Your email address will not be published. Required fields are marked *