അച്ഛന്‍ വിളിക്കാതെ പോയ പേര്

”എന്റെ പൊന്നൂസിന് ഞാനൊരു പേരു കണ്ടു പിടിച്ചിട്ടുണ്ട്, പോയി വന്നിട്ടു പറയാം… ഞായറാഴ്ച നമുക്ക് ചടങ്ങ് നടത്താം.’’ ഇതും പറഞ്ഞ് പൊന്നുമോള്‍ക്ക് സ്നേഹചുംബനവും നല്‍കിയാണ് സുനില്‍ എന്ന അച്ഛന്‍ അന്ന് പടിയിറങ്ങിയത്. ഭാര്യ രുഗ്മിണി എത്ര നിര്‍ബന്ധിച്ചിട്ടും പോയി വന്നശേഷം പേര് പറയാം എന്നായിരുന്നു സുനിലിന്റെ നിലപാട്. കടലാഴങ്ങളില്‍ തന്നെക്കാത്ത് മരണം ഒളിഞ്ഞിരിക്കുന്നത് അറിയാതെയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ജോലിക്കായി സുനില്‍ വീട്ടില്‍ നിന്നിറങ്ങുന്നത്. പൊന്നൂസിന് അച്ഛന്‍ കണ്ടെത്തിയ പേരെന്താണെന്ന് ഇന്നും ആര്‍ക്കുമറയില്ല.

വെള്ളിയാഴ്ച ഉച്ചയോടെ കടല്‍ ക്ഷോഭിച്ചതിനെത്തുടര്‍ന്ന് തിരിച്ച് കരയിലേയ്ക്കു മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട് പുതിയ വളപ്പ് സ്വദേശി സുനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുന്നത്. ഒപ്പമുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെങ്കിലും സുനിലിനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. ഒടുവില്‍ തിങ്കളാഴ്ച വൈകീട്ട് സുനിലിന്റെ മൃതദേഹം നീലേശ്വരം അഴിത്തല ഹാര്‍ബറില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്തു. ഓഖി ചുഴലിക്കൊടുങ്കാറ്റ് കാസര്‍കോടിന്റെ തീരമേഖലകളില്‍ താരതമ്യേന വലിയ നാശമുണ്ടാക്കിയില്ലെങ്കിലും ഈ ഒരു ജീവനും, ആറു വീടുകളും കലിതുള്ളിയ കടലെടുത്തു.

സുനിലിനെ തട്ടിയെടുത്തപ്പോള്‍ കൂടെ വലിയൊരു സ്വപ്നം കൂടിയാണ് കടലമ്മ കൊണ്ടുപോയത്. സുനില്‍ പൊന്നൂസ് എന്നു വിളിക്കുന്ന ആറുമാസം മാത്രം പ്രായമായ മകളും ഭാര്യ രുഗ്മിണിയും തനിച്ചായി. പൊന്നൂസിന്‍റെ പേരിടല്‍ ചടങ്ങായിരുന്നു സുനിലിന്റെ വലിയ സ്വപ്നങ്ങളിലൊന്ന്. ആഘോഷമായി കൊണ്ടാടാന്‍ തീരുമാനിച്ചിരുന്ന ചടങ്ങ്. ഇഷ്ടമുള്ള പേര് കിട്ടാതെ ചടങ്ങ് നടത്തില്ലെന്ന സുനിലിന്റെ തീരുമാനമാണ് ചടങ്ങ് ഇത്രത്തോളം വൈകിപ്പിച്ചത്. കുഞ്ഞുണ്ടായതു മുതല്‍ നല്ലൊരു പേരിനായുള്ള അന്വഷണത്തിലായിരുന്നു സുനില്‍. ബന്ധുക്കളോടും സുഹൃത്തുക്കളോടും പേരുകള്‍ തിരക്കി. കിട്ടിയ പേരുകളില്‍ തൃപ്തനാകാതെ മരണം തട്ടിയെടുക്കുന്നതിന്റെ തലേന്ന് വരെ പൊന്നോമനയ്ക്കായി പേരുകള്‍ തേടി.

സുനിലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഒന്നുമറിയതെ പൊന്നൂസിനെ ആരോ എടുത്തുകൊണ്ടു വന്നു. ചുവന്ന പട്ടുപുതച്ചുകിടക്കുന്ന അച്ഛന്റെ കാലില്‍ അവള്‍ തൊട്ടുതൊഴുതു. ജീവിതത്തിലെ വലിയൊരുസ്വപ്നവും ബാക്കിയാക്കിയാണ് അച്ഛന്‍ മടങ്ങിയതെന്ന് പൊന്നൂസിന് അറിയില്ല. അവള്‍ അത് അറിയുമ്പോഴേക്കും അച്ഛന്റെ പൊന്നൂസിന് മറ്റൊരു പേരുണ്ടാകും. അച്ഛന്‍ കണ്ടെത്തിയ പേരു തന്നെയാണോ അതെന്ന് ഇനി ആരോട് ചോദിക്കും.

Leave a Reply

Your email address will not be published. Required fields are marked *